ചോദിക്കൂ, സിരി എല്ലാം സാധിച്ചു തരും





ഹായ് സിരി, നിനക്ക് സുഖമാണോ?
സുഖമാണ്. ചോദിച്ചതിനു നന്ദി.
രാവിലെ എട്ടു മണിക്ക് അലാം എന്റെ മൊബൈലില്‍ സെറ്റ് ചെയ്യുമോ?
……ഞാന്‍ അത് ചെയ്ത് കഴിഞ്ഞു.
സിരി, എനിക്ക് പുതിയ ഇ-മെയില്‍ വല്ലതുമുണ്ടോ എന്ന് ചെക്ക് ചെയ്യുമോ?
ഞാന്‍ പുതിയ 4 ഇ-മെയിലുകള്‍ കണ്ടെത്തിയിരിക്കുന്നു.
സിരി, ഉച്ചഭക്ഷണം ഞാനെന്താണ് കഴിക്കുക?
ഞാന്‍ നിങ്ങളുടെ സമീപത്തുള്ള ഏതാനും റെസ്റ്റോറന്റുകള്‍ കണ്ടെത്തിയിരിക്കുന്നു. അവയില്‍ 24 എണ്ണം നിങ്ങളുടെ സമീപത്തു തന്നെയുള്ളതാണ്.
സിരി, ഈ ആഴ്ച എനിക്ക് ഒരു കുട വാങ്ങണമെന്നുണ്ട്
ഈ ആഴ്ച മഴ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
സിരി, കന്‍സാസ് പട്ടണത്തിലെ ജനസംഖ്യ എത്രയാണ്?
459 787 ആളുകള്‍. (പട്ടണത്തിലെ ജനസംഖ്യയുടെ ചരിത്രം അടക്കമുള്ള വിവരങ്ങള്‍ മുന്നില്‍)
സിരി, നീ എന്നെ വിവാഹം കഴിക്കുമോ?
ചോദ്യം എനിക്കിഷ്ടമായി. മറ്റെന്തെങ്കിലും രീതിയില്‍ എനിക്ക് നിങ്ങളെ സഹായിക്കാനാകുമോ?
സിരി, എവിടെയാണ് നീ എവിടെയാണ് ജനിച്ചത്?
എന്റെ കവറിന്‍മേല്‍ പറയുന്നത് പോലെ…. ആപ്പിള്‍ കാലിഫോര്‍ണ്ണിയയിലാണ് എന്നെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
 സംഭാഷണം വായിക്കാന്‍ തുടങ്ങിയപ്പോള്‍ നിങ്ങള്‍ കരുതിക്കാണും, തന്റെ ഏറ്റവും അടുത്ത പരിചാരകയുമായോ അസിസ്റ്റന്റുമായോ ഒരാള്‍ സംസാരിക്കുകയാണെന്ന്, അല്ലേ? പക്ഷേ സംഭാഷണത്തിലെ അവസാന ചോദ്യം വായിച്ചു കഴിഞ്ഞപ്പോഴായിരിക്കും നിങ്ങള്‍ക്ക് മനസ്സിലായിരിക്കുക; ‘സിരി’ (Siri) എന്നത് ആപ്പിളിന്റെ ഒരു സേവനത്തിന്റെ പേരാണെന്ന്…. അതെ, സ്മാര്‍ട്‌ഫോണ്‍ ലോകത്ത് ഒരു തരംഗമായിരിക്കുകയാണ് ആപ്പിളിന്റെ ഐ ഫോണ്‍ ശ്രേണിയില്‍ ഏറ്റവും പുതുതായി അവതരിപ്പിക്കപ്പെട്ടലെ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം. സിരി എന്നാണ് ഈ അതുല്യമായ സംവിധാനത്തിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര്.
സ്മാര്‍ട്‌ഫോണ്‍ ലോകത്ത് ഇപ്പോള്‍ താരം സിരിയാണ്. സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും അതുല്യമായ സവിശേഷതയാണ് വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം. സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും പുതിയ സവിശേഷതയായ വോയ്‌സ് കണ്‍ട്രോള്‍ സവിശേഷത കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ ഐ ഫോണ്‍4 എസ് പുറത്തിറങ്ങിയത്.
നിങ്ങള്‍ ചോദിക്കൂ, സിരി സാധിച്ചു തരും
സിരിയിലൂടെ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ഐ ഫോണ്‍ 4എസ്. ഐ ഫോണ്‍ 4എസിലെ സിരിയിലൂടെ നിങ്ങളുടെ ആവശ്യമെന്താണെന്ന് പറഞ്ഞാല്‍ മാത്രം മതി. നിങ്ങള്‍ പറയുന്നതെന്താണെന്ന മനസ്സിലാക്കി സിരി മറുപടി പറയും. ഒരു പേഴ്‌സണല്‍ സെക്രട്ടറിയെപ്പോലെയാണ് സിരി നമ്മുടെ ഉള്ളംകൈയ്യില്‍ കിടന്ന് കാര്യങ്ങള്‍ നിര്‍വ്വഹിച്ചു തരുന്നത്. മുകളില്‍ കൊടുത്ത സംഭാഷണം പോലെ, ഒരു വ്യക്തി നിങ്ങളുടെ മുന്‍പില്‍ നിന്ന് സംസാരിക്കുകയാണെന്ന് തോന്നും.
നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് കോള്‍ ചെയ്യാനും മെസ്സേജുകള്‍ അയക്കാനും ഇ-മെയില്‍ ചെയ്യാനുമെല്ലാം സിരിയിലൂടെ സാധിക്കും. നിങ്ങള്‍ നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രം മതി. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എഴുതാന്‍, ഡോക്ടറെ കാണിക്കാന്‍ പോകാന്‍ ഓര്‍മ്മിപ്പിക്കാന്‍, റോഡില്‍ വഴിതെറ്റാതെ ദിശ കാണിക്കാന്‍ എല്ലാം സിരി ധാരാളം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ ഏതായാലും സിരിയോട് ഒന്നു പറഞ്ഞാല്‍ അത് കേള്‍പ്പിച്ചു തരും. വെബില്‍ എന്തു കാര്യം സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞാലും റിസള്‍ട്ട് കണ്ടെത്തി സിരി നിങ്ങള്‍ക്കു മുന്‍പില്‍ നിരത്തും. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ട്വിറ്ററിലെ ട്വീറ്റിംഗുമെല്ലാം സിരി അനായാസേനെ ചെയ്യും.
കീബോര്‍ഡിലെ മൈക്രോഫോണ്‍ ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ, അപ്പോള്‍ മുതല്‍ സിരി നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. പിന്നെ നിങ്ങളുടെ ശബ്ദം അക്ഷരങ്ങളായി രൂപാന്തരപ്പെടുത്തും. ശേഷം നിങ്ങളെ അനുസരിക്കും.
നിങ്ങള്‍ പറയുന്നതെന്താണെന്ന് മനസ്സിലാക്കുക മാത്രമല്ല നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഊഹിച്ചെടുക്കാന്‍വരെ സിരി മിടുക്കിയാണ്. നിങ്ങള്‍ പറയുന്നതെന്താണെന്ന് മനസ്സിലാക്കി, നിങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സിരി നിര്‍വ്വഹിച്ചു തരും.
ഐ ഫോണിനെ ഒരു വ്യക്തിയായി കണക്കാക്കി നിങ്ങള്‍ സംസാരിക്കുക. ‘ഞാന്‍ എത്താന്‍ വൈകുമെന്ന് എന്റെ ഭാര്യയോട് പറയുക’ എന്ന് സിരിയോട് ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ ഭാര്യയുടെ സെല്‍ഫോണില്‍ നിമിഷങ്ങള്‍ക്കകം ‘നിങ്ങളുടെ ഭര്‍ത്താവ് എത്താന്‍ വൈകും’ എന്ന സിരിയുടെ ശബ്ദം മുഴങ്ങിയിരിക്കും.
സിരിയുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിച്ച് ഉപയോഗം കൂടുതല്‍ അനായാസമാക്കാനാകും. സ്റ്റാര്‍ ടെക് എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ ഉപയോഗിച്ച വോയ്‌സ് ടെക്‌നോളജിയോട് സാമ്യമുള്ളതാണ് തങ്ങള്‍ ഐ ഫോണ്‍4 എസില്‍ അവതരിപ്പിച്ചതെന്ന് ആപ്പിളില്‍ ശബ്ദം തിരിച്ചറിയുന്ന (speech recognition) സംവിധാനം വികസിപ്പിച്ചെടുത്ത ലാരി മാര്‍ക്കസ് പറയുന്നു.
വോയ്‌സ് ടെക്‌നോളജിയില്‍ ഇപ്പോള്‍ വലിയ മത്സരം ഗൂഗിളും ആപ്പിളും തമ്മിലാണ്. പക്ഷേ, സിരി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്, സ്മാര്‍ട്‌ഫോണ്‍ പ്രേമികളെ വശീകരിക്കാന്‍…. ഒന്നു കണ്ട്, മെല്ലെയൊന്ന് തൊട്ട് സംസാരം തുടങ്ങൂ; സിരിയുടെ വലയത്തില്‍ നിങ്ങളും വീണു പോകും!
സിരി സംസാരിക്കുന്നത് കാണുക:


Tags: , , , ,

About author

Curabitur at est vel odio aliquam fermentum in vel tortor. Aliquam eget laoreet metus. Quisque auctor dolor fermentum nisi imperdiet vel placerat purus convallis.

0 comments

Leave a Reply